Saturday, May 5, 2007

ഒരു ചൊറിച്ചു മല്ലിക്കഥ

ഈയുള്ളവന്‍ പ്രീ-ഡിഗ്രിക്ക് സമാന്തര കോളേജില്‍ പഠിക്കുന്ന കാലം.

ലോകചരിത്രക്ലാസ്. യേശുക്രിസ്തുവിനെ ക്രൂശിലേറ്റുന്ന കഥ തലേദിവസം പഠിപ്പിച്ചു. പിറ്റേ ദിവസം ചോദ്യങ്ങള്‍ ചോദിക്കുകയാണു് ടീച്ചര്‍.

“ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല “ എന്നു പറഞ്ഞ് കൈ കഴുകിയ ന്യായാധിപന്‍ ആരാണ്?ഇതാണ് ചോദ്യം.

തലേദിവസം വരാതിരുന്ന സോമരാജനോടാണ് ചോദ്യം.

ഇതിനിടയില്‍ ഒരല്പം അനുബന്ധം. അന്നൊക്കെ ഞങ്ങളുടെ ഇടയിലെ ഒരു വിനോദം ആയിരുന്നു മറിച്ചു ചൊല്ലുക അഥവാ ചൊറിച്ചു മല്ലുക. എന്തു പറയുന്നതും മറിച്ച് അല്ലെങ്കില്‍ തിരിച്ച് പറയുക. ഇത് പറയാന്‍ അറിയാത്തത് ഒരു അയോഗ്യതയായി അന്ന് കല്പിച്ചിരുന്നു. കൂടുതലും അശ്ലീല സംസാരങ്ങള്‍ ആയിരുന്നു ഇങ്ങനെ പറഞ്ഞിരുന്നത്.

മുന്‍ ബഞ്ചില്‍ ഇരുന്ന സോമരാജന്‍ ഉത്തരം അറിയാതെ എഴുന്നേറ്റ് നിന്നു. ഒരു സഹായത്തിനായി ചുറ്റുമുള്ളവരെ ദയനീയമായി നോക്കി.

ഈ സമയം പിന്‍ ബഞ്ചിലെ വര്‍ഗ്ഗീസ് സഹായത്തിന്റെ ഒരു കച്ചിത്തുരുമ്പ് വാഗ്ദാനവുമായി രംഗത്തെത്തി.

പീലാത്തോസ് എന്നുള്ളത് മറിച്ച് തോലാപ്പീസ് എന്ന് പറഞ്ഞു കൊടുത്തു.

വര്‍ഗ്ഗീസ് കരുതിയത് മറിച്ചു ചൊല്ലില്‍ വിരുതനായ സോമരാജന്‍ പീലാത്തോസ് എന്ന് ശരിക്ക് പറയും എന്നായിരുന്നു.

സോമരാജന്‍ ‍കരുതിയതോ ഇതേതോ പുതിയ വാക്കാകും എന്ന്.

ഉത്തരം കിട്ടിയ സന്തോഷത്തില്‍ വച്ച് കാച്ചി.

“തോലാപ്പീസ്“പിന്നീട് ഉണ്ടായ പൂരം പറയണോ.

കുറേക്കാലത്തേക്ക് ആശാന്റെ വിളിപ്പേരായിരുന്നു ടി തോലാപ്പീസ്

Thursday, February 22, 2007

ചില കുസ്രുതി ചോദ്യങ്ങള്‍

1. കണ്ണിന്റെ രോഗം - നേത്ര രോഗം
ത്വകിന്റെ രോഗം - ത്വക് രോഗം
ഹൃദയത്തിന്റെ രോഗം - ഹൃദ് രോഗം

എന്നാല്‍ ഞരമ്പിന്റെ രോഗത്തെ എന്തു കൊണ്ട് ഞരമ്പ് രോഗം എന്ന് പറയുന്നില്ലാ. ?

2. ഡെല്‍ഹി ബസുകളില്‍ Emergency Exit-നു് ഹിന്ദി പരിഭാഷ - സങ്കട ദ്വാര്‍ എന്ന് എഴുതിയിരിക്കുന്നു.
ഒരു ചോദ്യം - ഇവിടെ പറഞ്ഞാല്‍ സങ്കടത്തിനു് പരിഹാരം ഉണ്ടാവുമോ ?